Day 1 Feb 08, 2026

കാപ്പുകെട്ട്

Kaappu Kettu

ഞായറാഴ്ച പ്രഭാത ശ്രീബലിക്കു ശേഷം നടക്കുന്ന "കാപ്പ് കെട്ട്" ചടങ്ങോടെയാണ് പള്ളിപ്പാന ആരംഭിക്കുക. കാപ്പ് കെട്ടിന് മുൻപായി പള്ളിപ്പാന ചടങ്ങുകൾ നടത്തുന്നതിനായി ക്ഷേത്രത്തിൽ എത്തിച്ചേർന്നിട്ടുള്ള കർമ്മികളെ (വേലൻമാർ) അമ്പനാട്ട് പണിക്കൻ ഇറക്കുടി കളത്തട്ടിനു സമീപത്തുള്ള ആൽത്തറയിൽ നിന്ന് സ്വീകരിച്ച് വേലൻമാർക്കായി തയ്യാറാക്കിയിട്ടുള്ള കുടിലുകളിൽ ഇരുത്തും. തുടർന്ന് 'ക്ഷേത്രംസ്ഥാനി' ആശാരി വെട്ടിയതിനകം, കുടുംബത്തിലെ മൂത്ത ആൾ പള്ളിപന്തലിൽ (ദേവ ചൈതന്യം ആവഹിച്ച കോയിമ്മവടി വെക്കുന്ന പന്തൽ) നാളികേരം ഉടച്ച് രാശി നോക്കും.

ദേവസ്വം അധികാരികൾ ഭണ്ഡാരത്തിൽ സൂക്ഷിക്കുന്ന സ്വർണ്ണംകെട്ടിയ കോയിമ്മവടി എടുത്ത് ശുദ്ധി ചെയ്ത് ശ്രീബലിക്കു ശേഷം മണ്ഡപത്തിൽ വെയ്ക്കും. കാപ്പ് കെട്ട് മുഹൂർത്വത്തിനു മുൻപായി മേൽശാന്തി കോയിമ്മവടി എടുത്ത് ശ്രീകോവിലിൽ കൊണ്ടുപോയി ബിംബത്തോട് ചേർത്ത്വെച്ച് പൂജകൾ ചെയ്ത് മാലകൾ ചാർത്തി അലങ്കരിച്ച് വെള്ളിവട്ടകയിൽ വെച്ച് പുറത്തേക്ക് എഴുന്നള്ളിച് പ്രദിക്ഷണമായി കിഴക്കേ ആനക്കൊട്ടിലിലേക്ക് കൊണ്ടുവരും.

കുത്തു വിളക്കുകളുടെയും പുലിത്തോൽ പരിചയും വാളും ഏന്തിയ കോയിമ്മ സ്ഥാനിയുടെയും പഞ്ചവാദ്യത്തിൻ്റെയും നാദസ്വര മേളത്തിൻ്റെയും അകമ്പടിയോടുകൂടിയാണ് കോയിമ്മവടി പള്ളിപന്തലിലേക്ക് എഴുന്നള്ളിക്കുക. അവിടെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ശരകൂടത്തിനും പീഠങ്ങൾക്കും മുകളിൽ കോയിമ്മവടി വെക്കും. വേലൻമാർ ജപിച്ച് കോയിമ്മ സ്ഥാനിയെ ഏൽപ്പിക്കുന്ന 5 സ്വർണ്ണകാപ്പുകളും 1 വെള്ളിക്കാപ്പും കോയിമ്മസ്ഥാനി നിർദേശിക്കുന്ന സ്ഥാനങ്ങളിൽ, വെറ്റിലയും ചേർത്ത് കോയിമ്മവടിയിൽ മേൽശാന്തി കെട്ടും. അമ്പലപ്പുഴ, കോയിക്കരി, നെട്ടാശ്ശേരി, ചെമ്പകശ്ശേരി, കുന്നങ്കരി, ഏറമുണ്ട എന്നീ വേലസമുദായ കുടുംബങ്ങൾ ക്കാണ് കാപ്പുകൾ ജപിച്ച് നൽകാനുള്ള അവകാശം.

Kaappu Kettu
Day 2 Feb 09, 2026

രക്ഷാകലശ പൂജ

രക്ഷാകലശ പൂജ

പള്ളിപ്പനയുടെ രണ്ടാം ദിവസമായ തിങ്കളാഴ്ച്ച രാവിലെയും (9 മണി മുതൽ 12 മണി വരെ) ഉച്ചക്കും (2 മണി മുതൽ 5 മണി വരെ) പതിവ് ഓത്തു മാത്രമാണ് നടക്കുക. രാത്രി 9 മണിയോടെ കോയിമ്മവടി പള്ളിപ്പന്തലിലേക്ക് ഏഴുന്നള്ളിച്ചു കഴിഞ്ഞ് "രക്ഷാകലശപൂജ" നടക്കും. മേൽശാന്തി നെല്ല് കൊണ്ട് ഒരു ആൾരൂപം ചമച്ച് അതിൽ കലശകുടം വെച്ച് ജലം നിറച്ച് പൂജകൾ ചെയ്യും. തുടർന്ന് പൂപഞ്ചലാകാരം ചെയ്ത് നാളികേരം കൊണ്ട് അടച്ചു വെച്ചാൽ പതിവ് ഓത്തു തുടങ്ങും. ഓത്ത് തുടങ്ങിയാൽ മേൽശാന്തി കലശം എഴുന്നള്ളിച്ച് കോയിമ്മ സ്ഥാനിയോടും കുത്തുവിളക്കിൻ്റെയും വീക്കൻ ചെണ്ടയുടെയും ശംഖുനാദത്തിൻ്റെയും അകമ്പടിയിൽ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ മുറിയിൽ (കോയിമ്മവടി വെക്കുന്ന മുറി) കൊണ്ടുപോയി കോയിമ്മവടി വെയ്ക്കുന്ന പീഠത്തിൻ്റെ തലക്കൽ വെയ്ക്കും. മുറത്തിൽ ഒരുക്കുകൾ വെച്ച് വേലത്തിയെ ഏൽപ്പിച്ച് മുറോത്ത് തുടങ്ങിയാൽ കോയിമ്മവടി തിരികെ എഴുന്നള്ളിച്ച് പടിഞ്ഞാറെ മുറിയിൽ സൂക്ഷിക്കും.

Day 3 Feb 10, 2026

ഭീഷ്മ ശരശയനം

മൂന്നാം ദിവസം ചൊവ്വാഴ്ച രാത്രി നടക്കുന്ന സുപ്രധാന ചടങ്ങാണ് "ഇടുപണം ഇടൽ" അഥവാ ഭീഷ്മ രൂപ ആവാഹനം. സപ്ത സമുദ്രങ്ങളിൽ നിന്ന് സമാഹരിക്കുന്ന മണ്ണും ജലവും ചെളിയും കൊണ്ട് തേക്ക് പലകയിൽ തയ്യാറാക്കുന്ന ഭീഷ്മരൂപം പാനപന്തലിനു പകുതിക്ക് തെക്കു എടുക്കുന്ന കുഴിയുടെ മുകളിൽ സ്ഥാപിച്ച് കർമ്മി കളുടെ പൂജകൾക്ക് ശേഷം അരോഗ്യ ദൃഢഗാത്രനായ ഒരു പൂവൻ കോഴിയെ ഉഴിഞ്ഞ് കുഴിയിൽ നിക്ഷേപിക്കും. അംബരഗംഗ എന്ന സങ്കല്പത്തിൽ മുകളിൽ കെട്ടിതൂക്കുന്ന കലശകുട ത്തിൽ നിന്ന് നൂല് കെട്ടി ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർക്ക് കുടിനീര് കൊടുക്കും. പതിനഞ്ചാം നാളിൽ കാപ്പ് അഴിക്കുമ്പോൾ കോഴി ജീവനോടെ ഉണ്ടാകണം എന്നാണ് വിശ്വാസം.

ഭീഷ്മ ശരശയനം
Day 4 Feb 11, 2026

തട്ടുബലി

തട്ടുബലി

നാലാം ദിവസം ബുധനാഴ്ച രാവിലെയും ഉച്ചക്കും മുൻ ദിവസങ്ങളിലേതുപോലെ ചടങ്ങുകൾ നടക്കും. രാത്രി കോയിമ്മവടി എഴുന്നള്ളിച്ചിരുത്തിയാൽ പതിവ് ഓത്ത് നടക്കും. ഓത്ത് കഴിഞ്ഞാൽ തട്ടുബലി അഥവാ "മറുകിട്ട് ചാറ്റ്" എന്ന ചടങ്ങ് നടക്കും. ഇതിനായി 6 വേലന്മാരുടെയും കുടിലുകൾക്ക് മുൻപിൽ അഞ്ചേകാൽ കോൽ പൊക്കം മൂന്നേകാൽ കോൽ ചതുരത്തിൽ 24 അടയ്ക്ക മരങ്ങൾ കൊണ്ട് മറുക് പണിത് മുകളിൽ ഘനമുള്ള പലകകൾ ഇട്ട് താഴെ കുലവാഴകൾ നാട്ടി കുരുത്തോല മടൽ, വാഴപ്പോള തെങ്ങിൻ പൂക്കുല എന്നിവ കൊണ്ട് അലങ്കരിച്ചു കർമ്മങ്ങൾ നടത്തി തട്ടിന്മേൽ കയറി വേലൻമാർ കർമ്മങ്ങൾ നടത്തും ഭൂതഗണങ്ങളുടെയും, ആകാശസഞ്ചാരികളായ യക്ഷ, കിന്നര, ഗന്ധർവ്വ, അപ്സരസ്സുകളുടെയും അനുഗ്രഹം തങ്ങളുടെ കർമ്മങ്ങൾ ക്ക് ഉണ്ടാകണം എന്ന പ്രാർത്ഥനയോടെ നൂറും പാലും നൽകി, നിണം സമർപ്പിച്ചു കോഴികളെ പറത്തി, കുമ്പളങ്ങ വെട്ടി ഗുരുതി നടത്തിയാൽ കോയിമ്മവടി തിരികെ എഴുന്നള്ളിച്ച് പടിഞ്ഞാറെ മുറിയിൽ സൂക്ഷിക്കും. തുടർന്ന് മുറോത്ത് നടക്കും.അന്ന് വേലന്മാരുടെ രാത്രികർമ്മങ്ങൾ 3 മണിക്കൂറിൽ കൂടുതൽ നീളും.

Day 5 Feb 12, 2026

അന്തിപ്പേ കാവൽ ഏറൽ

അഞ്ചാം ദിവസം വ്യാഴാഴ്ച രാവിലെയും ഉച്ചക്കും പതിവ് ഓത്തുകൾ മാത്രം രാത്രി കോയിമ്മവടി പള്ളിപ്പന്തലിലേക്ക് എഴുന്നള്ളിച്ചാൽ പതിവ് ഓത്ത് നടക്കും. ഓത്ത് കഴിഞ്ഞാൽ 'അന്തിപ്പേ കാവൽ ഏറൽ' എന്ന ചടങ്ങ് നടക്കും. വരാൻ പോകുന്ന ദിവസങ്ങളിലെ ചടങ്ങുകളിൽ അത്ഭുത കൃത്യങ്ങൾ കാട്ടുന്നതിനു വേലന്മാർക്ക് ശക്തി ലഭിക്കുവാൻ അവരുടെ മൺമറഞ്ഞ പിതമഹാന്മരെ ക്ഷേത്രത്തിൻ്റെ പുറത്ത് നിന്ന് ക്ഷണിച്ചുകൊണ്ട് വരുന്ന ചടങ്ങാണ് ഇത്. ഇതിനായി അമ്പലപ്പുഴ ഗണകൻ പച്ചപ്പാളയിൽ എഴുതി കൊടുക്കുന്ന ചെറിയ കോലങ്ങൾ വേലൻമാർ തന്നെ മുഖത്ത് വെച്ചുകെട്ടി കിഴക്കേ നടയിൽ ഉള്ള പള്ളിവേട്ട ആലിൻസമീപത്ത് നിന്ന് പിതാമഹൻമാരെ ആനയിച്ചു കൊണ്ടുവരും. വേലന്മാരുടെ ശരീരങ്ങളിൽ സ്ഥാനം പിടിക്കുന്ന പിതാ മഹാന്മാർ പറ, തുടി എന്നീ വാദ്യ മേളങ്ങളുടെ ആവേശത്തിൽ തുള്ളി ഉറഞ്ഞ് യജ്ഞവേദി സമ്പുഷ്ടമാക്കും. കലി അടങ്ങിയതിനു ശേഷം മേൽശാന്തി കോയിമ്മവടിയിൽ ഉഴിഞ്ഞ് നൽകുന്ന കുമ്പളങ്ങ തട്ട് ബലി പന്തലിനു താഴെ കൊണ്ടുപോയി വെട്ടി നിണത്തിൽ മുക്കി ബലി അർപ്പിച്ചു കഴിഞ്ഞാൽ കോയിമ്മവടി തിരികെ എഴുന്നള്ളിച്ചു മുറോത്ത് നടക്കും.

അന്തിപ്പേ കാവൽ ഏറൽ
Day 6 Feb 13, 2026

പാനപിടുത്തം

പാനപിടുത്തം

ആറാം ദിവസമായ വെള്ളിയാഴ്ച രാവിലെ കോയിമ്മവടി ഏഴുന്നള്ളിച്ചു പതിവ് ഓത്തുകൾ കഴിഞ്ഞാൽ തിരികെ എഴുന്നള്ളിക്കും. ഉച്ചക്ക് ഏഴുന്നള്ളിച്ചു ഇരുത്തിയാൽ പള്ളിപ്പാന കാവൽഏറൽ എന്ന ചടങ്ങ് നടക്കും. പാലത്തടി കൊണ്ട് ആശാരിമാർ നിർമ്മിച്ചു നൽകുന്ന പാനക്കുറ്റികൾ തലേ ദിവസം നോയമ്പ് എടുത്ത ഏഴ് പാനപിടിത്തക്കാർ കുളിച്ചു വന്ന് പള്ളി പന്തലിനു കിഴക്ക് വശം നാട്ടുന്ന ഉരലിനു (തെങ്ങും കുറ്റികൾ) സമീപം നിൽക്കും. അടക്കാമരത്തിൻ്റെ വാരികൾ കൊണ്ട് വേലൻമാർ നവഖണ്ടം പണിത ഒരുക്കുകൾ നിരത്തി നൂറും പാലും സമർപ്പിച്ചു പറകൊട്ടി പാട്ടുപാടുമ്പോൾ പാനപിടിത്തക്കാർക്ക് ആവേശം മൂത്ത് ഉരലിനു മുകളിൽ വെക്കുന്ന നാളികേരം പാനകുറ്റികൊണ്ട് അടിച്ചു തകർത്തു യഞ്ജവേദിയിൽ ഓടി നടന്ന് ആവേശം തീർക്കും. ഇത് കഴിഞ്ഞാൽ കോയിമ്മവടി തിരികെ എഴുന്നള്ളിക്കും .രാത്രിയിൽ കോയിമ്മ വടി എഴുന്നള്ളിച്ച് ഇരുത്തിയാൽ ഉച്ചപ്പേകാവൽ ഏറൽ നടക്കും. അമ്പലപ്പുഴ കണിയാൻ എഴുതി കൊടുക്കുന്ന കോലങ്ങൾ മുഖത്ത് വെച്ച്കെട്ടി രണ്ട് വേലൻമാർ തുള്ളി ഉറയും. തുടർന്ന് ബ്രമ്മൻ പുറപ്പാട്. പച്ച പാളയിൽ എഴുതുന്ന കോലങ്ങൾ കണിയാൻ തന്നെ വെച്ച് കെട്ടി കിഴക്കേ ഗോപുര വാതിലിൽ നിന്നും ചെണ്ട മേളത്തിൻ്റെ അകമ്പടിയിൽ യഞ്ജവേദിയിൽ എത്തും. ദേവന്മാരുടെ ദേവനായ പരമശിവൻ മുഖ്യകർമ്മിയായി ആദ്യ പള്ളിപ്പാന നടത്തിയപ്പോൾ ബ്രമ്മദേവൻ പാനക്കളത്തിൽ എത്തിയതിൻ്റെ അനുസ്മരണമാണ് ഇത്.

തുടർന്ന് 'കിടുകുബലി' നടക്കും. ദുർമരണം സംഭവിച്ച പിത്രുക്കളുടെയും മോക്ഷം ലഭിക്കാതെ അലയുന്ന പിത്രുക്കളുടെയും മോക്ഷത്തിനും അനുഗ്രഹങ്ങൾക്കുമായി യഞ്ജവേദിയുടെ തെക്കു വശത്ത് 5 അടി താഴ്ചയിൽ കുഴി എടുത്ത് കുഴിയിൽ ഒരാളിനെ കിടത്തി അതിനു മുകളിൽ വാഴപ്പോളകളും വാരിയും നിരത്തി കുലവാഴകൾ നാട്ടി തെങ്ങിൻ പൂക്കുല കൊണ്ട് അലങ്കരിച്ചു പൂജകൾ നടത്തി നിണ ബലി കഴിയുമ്പോൾ കുഴിയിൽ കിടന്ന ആൾ പ്രതി ബന്ധങ്ങൾ നീക്കി ഉറഞ്ഞു തുള്ളി കുഴിയിൽ നിന്നും പുറത്ത് വന്ന് തുള്ളി കലി അടങ്ങിയാൽ കോയിമ്മവടി തിരികെ എഴുന്നള്ളിക്കും. തുടർന്ന് മുറോത്ത് ആരംഭിക്കും.

പാനപിടുത്തം
Day 7 Feb 14, 2026

കാളികൂടം തുള്ളൽ, കാലൻപുറപ്പാട്

കാളികൂടം തുള്ളൽ, കാലൻപുറപ്പാട്

ഏഴാം ദിവസം ശനിയാഴ്ച രാവിലെ പതിവ് ഓത്ത് മാത്രം. ഉച്ചക്ക് ഏഴുന്നള്ളിച്ചു ഇരുത്തിയാൽ തലേ നാളിലെ പോലെ പാനപിടിത്തം നടക്കും. രാത്രി കോയിമ്മവടി ഏഴുന്നള്ളിച്ചിരുത്തിയാൽ നിണബലി ('കാളി കൂടം തുള്ളൽ') നടക്കും. വാഴ പിണ്ടിയും, വാരിയും, കയറും, വാഴ പോളയും, കുരുത്തോലയും കൊണ്ട് വേലന്മാർ നിർമിക്കുന്ന ആറു കാളി കൂടങ്ങൾ യഞ്ജവേദിയിൽ സ്ഥാപിച്ച് ഓരോ കാളികൂടത്തിനകത്തും വേലന്മാരെ ഇരുത്തി പൂജകൾ ചെയ്ത് നിണ ബലി നടത്തിയാൽ കാളി കൂടങ്ങൾ പിഴുതെടുത്ത് വേലൻമാർ തുള്ളും.

തുടർന്ന് 'കാലൻ പുറപ്പാട് നടക്കും. യമരാജാവിൻ്റെ അനുഗ്രഹത്തിനായി കണിയാന്മാർ കോലങ്ങൾ വരച്ച് അവർ തന്നെ മുഖത്ത് വെച്ച് കെട്ടി ഗോശാലയോട് ചേർന്നുള്ള ആൽതറയിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയിൽ യഞ്ജവേദിയിൽ പ്രവേശിച്ചു പള്ളി കൊട്ടിലിനു മുൻപിൽ കുമ്പളങ്ങ വെട്ടി കുരുതി നടത്തും. കണിയാൻ കോലം ഉഴിഞ്ഞ് കഴിഞ്ഞാൽ കോയിമ്മവടി തിരികെ എഴുന്നള്ളിക്കും. തുടർന്ന് മുറോത്ത് നടക്കും.

Day 8 Feb 15, 2026

ശാസ്താം പുറപ്പാട്

എട്ടാം ദിവസം ഞായറാഴ്ച രാവിലെ ഏഴാം ദിവസത്തെ പോലെ ചടങ്ങുകൾ മാത്രം. ഉച്ചക്ക് കോയിമ്മവടി എഴുന്നള്ളിച്ചാൽ പാനപിടിത്തം നടക്കും. ഏഴാംദിവസത്തെ പോലെ പാനപിടിത്തക്കാർ ഉരലിനു മീതെ വെക്കുന്ന നാളികേരം പാനക്കുറ്റി കൊണ്ട് അടിച്ചു പൊട്ടിച്ച് യഞ്ജവേദി വിട്ടു പോയാൽ കോയിമ്മവടി തിരികെ എഴുന്നള്ളിക്കും. രാത്രിയിൽ കോയിമ്മവടി ഏഴുന്നള്ളിച്ച് ഇരുത്തിയാൽ പതിവ് ഓത്ത് നടക്കും. തുടർന്ന് 'ശാസ്താം പുറപ്പാട്' അരങ്ങേറും. കണിയാൻമാർ എഴുതി കൊടുക്കുന്ന കോലങ്ങൾ വേലൻമാർ മുഖത്ത് വെച്ച് കെട്ടി പള്ളിവേട്ട ആൽത്തറയിൽ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയിൽ തുള്ളിയുറഞ്ഞ് യഞ്ജവേദിയിൽ പ്രവേശിക്കും. ശ്രീധർമ്മ ശാസ്താവ് തൻ്റെ പിതാവ് ശ്രീപരമേശ്വരൻ മുഖ്യആചാര്യനായി നടത്തിയ പള്ളിപ്പാനയിൽ ചടങ്ങുകൾ കാണുന്നതിനായി എത്തിച്ചേരുന്നു എന്നാണ് സങ്കല്പം. ശാസ്താംപുറപ്പാട് കഴിഞ്ഞാൽ കോയിമ്മവടി തിരികെ എഴുന്നള്ളിക്കും. തുടർന്ന് മുാത്ത് നടക്കും.

ശാസ്താം പുറപ്പാട്
Day 9 Feb 16, 2026

ചെറിയ കൂമ്പ് ബലി, ആഴിപ്പേ

ചെറിയ കൂമ്പ് ബലി, ആഴിപ്പേ

ഒൻപതാം ദിവസം രാവിലെയും ഉച്ചക്കും പതിവ് ഓത്തുകൾ മാത്രം. രാത്രി കോയിമ്മവടി ഏഴുന്നള്ളിച്ചിരുത്തിയാൽ ഓത്ത് നടക്കും. തുടർന്ന് "ചെറിയ കൂമ്പ് ബലി". ഇതിനായി ഏഴേകാൽ ക്കോൽ പൊക്കത്തിൽ ആഗ്രത്തിൽ "കൈലാസ കോൽ" പിടിപ്പിച്ച് ആറ് അടയ്ക്കാ മരങ്ങൾ തട്ടുബലി പന്തലിനു മുൻപിൽ കുഴിച്ചിടും. ഓരോ കുമ്പിൻ്റെയും ചുവട്ടിൽ കുല വാഴകൾ നാട്ടി തെങ്ങിൻ പൂക്കുല, വാഴ പിണ്ടി, കുരുത്തോല എന്നിവ കൊണ്ട് അലങ്കരിച്ചു വേലൻമാർ പൂജകൾ ചെയ്യും. തുടർന്ന് ഓരോ കുമ്പിൻ്റെയും മുകളിൽ വേലൻമാർ കയറി കൈലാസ നാഥൻ്റെയും ശ്രീ പാർവതിയുടെയും ശിവഭൂതഗണങ്ങളുടെയും അനുഗ്ര ഹങ്ങൾക്കായി പൂജകൾ ചെയ്ത് ബലി അർപ്പിക്കും. ഭൂത ഗണങ്ങൾക്കായി കോഴികളെ പറത്തി ഗുരുതി നല്ലൽകി വേലന്മാർ താഴെ ഇറങ്ങി പള്ളി പന്തലിനു മുൻപിൽ നമസ്കരിക്കും. തുടർന്ന് 'ആഴിപ്പേ'. സമയ കുറവ് ഉണ്ടെങ്കിൽ ആഴിപ്പേ മറ്റൊരു ദിവസം നടത്താം. കൂമ്പ് ബലിയുടെ ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞാൽ പാനപന്തലിനു തെക്കുവശം 'കാരിമേച്ചരുടെ' നേതൃത്വത്തിൽ 'ഭാരതം തുള്ളൽ' അരങ്ങേറും. കുരുത്തോല കൊണ്ട് തൊപ്പി ഉണ്ടാക്കി, കുരുത്തോലമാല അണിഞ്ഞു മുഖത്ത് അൽപ്പം മനയോല തേച്ച് അധികം അലങ്കാരങ്ങൾ ഇല്ലാതെ ഭാരതം കഥ തുള്ളൽ ചുവടുകളോടെ അവതരിപ്പിക്കും.

ആഴിപ്പേ യഞ്ജവേദിയുടെ മദ്ധ്യ ഭാഗത്തിന് തെക്കു വശത്ത് പുളി വിറകുകൾ കൂട്ടി ഇട്ട് കത്തിച്ച് അതിൽ അമ്പലപ്പുഴ കൊല്ലൻ നിർമ്മിച്ചു നൽകുന്ന ഉരുക്കിൽ തീർത്ത തൂമ്പചട്ടം ഇട്ട് പഴുത്തു ചുവപ്പ് നിറം ആകുമ്പോൾ അഗ്നികുണ്ഡത്തിന് സമീപം ഒരുക്കുകൾ നിരത്തി വേലന്മാരിൽ പ്രധാനി പൂജകൾ നടത്തും. പൂജകൾ പൂർത്തിയാകുമ്പോൾ ആവേശം കൊള്ളുന്ന ആൾ അഗ്നി കുണ്ഡത്തിൽ നിന്നും തുമ്പചട്ടം കൈകൊണ്ട് എടുത്ത് തുള്ളും. അഗ്നി ദേവൻ്റെ അനുഗ്രഹങ്ങൾ പള്ളിപ്പാന ചടങ്ങുകൾക്ക് ഉണ്ടാകുന്നതിനു വേണ്ടി നടത്തുന്ന ആഴിപ്പേ കഴിഞ്ഞാൽ കോയിമ്മവടി തിരികെ എഴുന്നള്ളിക്കും.

ചെറിയ കൂമ്പ് ബലി, ആഴിപ്പേ
Day 10 Feb 17, 2026

ദിക്കുബലി, അടവി

ദിക്കുബലി, അടവി

പത്താം നാളായ ചൊവ്വാഴ്ച രാവിലെയും ഉച്ചക്കും പതിവ് ഓത്തുകൾ മാത്രം. രാത്രിയിൽ കോയിമ്മവടി ഏഴുന്നള്ളിച്ചിരുത്തിയാൽ പതിവ് ഓത്ത് നടക്കും തുടർന്ന് 'ദിക്കു ബലി' ചടങ്ങുകൾ ആരംഭിക്കും. അടയ്ക്ക മരവും കയറും കൊണ്ട് ആശാരിമാർ പണിത് നൽകുന്ന കട്ടിലിൽ പച്ചോല വിരിച്ച് വാഴ പിണ്ടി, കുരുത്തോല, പൂക്കുല എന്നിവ കൊണ്ട് അലങ്കരിച്ചു വേലൻമാർ അഷ്ടദിക്ക്പാലകരെ സങ്കല്പിച്ചു പൂജകൾ നടത്തും. അഷ്ടദിക്ക്പാലകരുടെ അനുഗ്രഹം പള്ളിപ്പാന ചടങ്ങുകൾക്ക് ഉണ്ടാകുന്നതിനായിട്ടാണ് പൂജകൾ നടത്തുന്നത്. തുടർന്ന് നല് വേലന്മാരെ കട്ടിലിൽ പച്ചോല കൊണ്ട് കെട്ടി ചുമന്ന് ചുട്ടുകറ്റയുടെ വെളിച്ചത്തിൽ ക്ഷേത്രത്തിൻ്റെ നാല് അതിരുകളിൽ പ്രത്യേകം തയ്യാർ ചെയ്തിട്ടുള്ള സ്ഥലങ്ങളിൽ കൊണ്ട് പോയി ബലി കർമ്മങ്ങൾ ചെയ്യും. ബലി കർമ്മങ്ങൾ കാണുന്നതിന് ഭക്ത ജനങ്ങൾക്ക് വിലക്ക് ഉണ്ട്. കട്ടിലിൽ പച്ചോലയിൽ കെട്ടി ഇട്ടിരിക്കുന്ന വേലൻമാർ ഓല മടൽ പൊട്ടിച്ച് കലി പൂണ്ട് ഓടി ചൂരൽ കാടുകളും അടയ്ക്ക മരങ്ങളും പറിച്ചെടുത്ത് തുള്ളി പാന പന്തലിനു മുൻപിൽ എത്തും. മേൽശാന്തി നെല്ലും അരിയും ഉഴിഞ്ഞു ഇട്ട് കഴിഞ്ഞാൽ കോയിമ്മവടി തിരികെ എഴുന്നള്ളിച്ച് മുറോത്ത് നടക്കും.

Day 11 Feb 18, 2026

കരകളിൽ ശത്രുഎടുപ്പ്

പതിനൊന്നാം ദിവസം ബുധനാഴ്ച്ച രാവിലെ പതിവ് ഓത്ത് മാത്രം. ഉച്ചക്ക് എഴുന്നള്ളിച്ച് ഇരുത്തിയാൽ 'വേലന്മാരുടെ വെളിച്ചപ്പെടൽ' എന്ന ചടങ്ങ് നടക്കും. പിതാമഹൻമാർ വേലന്മാരുടെ ശരീരത്തിൽ പ്രവേശിച്ചു അനുഗ്രഹിക്കപ്പെട്ടാൽ അവർ വിവിധ കരകളിലേക്ക് 'ശത്രു എടുക്കാൻ' പുറപ്പെടും. രാത്രിയിൽ എഴുന്നള്ളിച്ചാൽ പതിവ് ഓത്ത് ഉണ്ടായിരിക്കില്ല. ഭാരതം തുള്ളൽ കഴിഞ്ഞാൽ തിരികെ എഴുന്നള്ളിക്കും. തുടർന്ന് മുറോത്ത്.

കരകളിൽ ശത്രുഎടുപ്പ്
Day 12, 13 Feb 19-20, 2026

ശത്രുഎടുക്കൽ

ശത്രുഎടുക്കൽ

പന്ത്രണ്ട്, പതിമുന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ വേലൻമാർ അമ്പലപ്പുഴയുടെ വിവിധ കരകളിൽ ശത്രുഎടുപ്പിന് പോകുന്നതിനാൽ പതിവ് ഓത്തും മുറോത്തും മാത്രമേ ഉണ്ടാവുകയുള്ളൂ. ഈ രണ്ട് ദിവസങ്ങളിൽ, കാപ്പ് കെട്ട് മുതൽ വേലന്മാർ ചെയ്യുന്ന കർമ്മങ്ങളിൽ നിന്നും ആളുകളുടെ ശ്രദ്ധമറ്റുവാനുള്ള അഭ്യാസങ്ങൾ നടത്തിവന്ന 'പുറനാടികൾ', യഞ്ജവേദി സജീവം ആക്കും. വീടുകളിൽ ശത്രുഎടുപ്പിനായി വേലന്മാർ എത്തുമ്പോൾ നിലവിളക്കു കൊളുത്തി നിറചങ്ങഴിയും നിറനാഴിയും നാളികേരവും വെച്ച് പലകയോ പായയോ നൽകി അവരെ ഇരുത്തും. പറ കൊട്ടി നീട്ടിപാടി വീട്ടിൽ ഉള്ളവരെ ശൈവ വാദ്യങ്ങളും ഇലഞ്ഞിതൂപ്പും കൊണ്ട് ശത്രുദോഷം. നാവിൻദോഷം എന്നിവ മാറണം എന്ന പ്രാർത്ഥനയോടെ ഉഴിഞ്ഞു പോകുന്ന അവർക്കു ഗൃഹനാഥൻ ദക്ഷിണ നൽകി അയക്കും.

Day 14 Feb 21, 2026

വലിയ കൂമ്പ്ബലി, മധുഎഴുന്നള്ളിപ്പ്, വലിയകോലം

പള്ളിപ്പാനയുടെ സമാപനത്തിൻ്റെ തലേനാൾ ആയ പതിനാലാം ദിവസം ശനിയാഴ്ച ആണ് സുപ്രധാചടങ്ങുകൾ നടക്കുന്നത്. അന്ന് രാവിലെയും ഉച്ചക്കും പതിവ് ഓത്തുകൾ മാത്രം. രാവിലത്തെ ഓത്ത് തുടങ്ങിയാൽ അമ്പലപ്പുഴ വേലൻ കൂമ്പ് ബലിക്കുള്ള അടയ്ക്കമരം മുറിക്കുന്നതിനുള്ള അനുവാദം കോയിമ്മസ്ഥാനിയിൽ നിന്നും വാങ്ങി ക്ഷേത്രത്തിൻ്റെ പുറത്ത് പോകും. നേരത്തെ നിശ്ചയിച്ച അടയ്ക്കമരം വൃക്ഷപൂജ ചെയ്ത് വെട്ടി നിലം തൊടാതെ ക്ഷേത്രത്തിൽ എത്തിക്കും.

രാത്രി കോയിമ്മവടി എഴുന്നള്ളിച്ച് ഇരുത്തിയാൽ പതിവ് ഓത്ത് നടക്കും. ശേഷം വലിയ കുമ്പ് ബലിക്കുള്ള ചടങ്ങുകൾ ആരംഭിക്കും. തറനിരപ്പിൽ നിന്നും ഒൻപതേകാൽ കോൽ പൊക്കത്തിൽ നാല് കൈലാസക്കോൽ പിടിപ്പിച്ച 6 അടയ്ക്കമരങ്ങൾ ചെറിയ കൂമ്പ് ബലിക്കു വേണ്ടി ഒൻപതാം ദിവസം കഴിച്ചിട്ട കൂമ്പുകൾക്ക് മുൻപിൽ കുഴിച്ചിടും. ശിവ ഭഗവാൻ്റെയും ഭൂതഗണങ്ങളുടെയും പ്രത്യക്ഷ സാന്നിധ്യം ഉണ്ടാകുന്നതിനുള്ള പ്രത്യേ കകർമ്മങ്ങൾ വലിയ കൂമ്പുകൾക്ക് മുൻപിൽ നടത്തും.

വലിയ കൂമ്പ്ബലി, മധുഎഴുന്നള്ളിപ്പ്, വലിയകോലം
വലിയ കൂമ്പ്ബലി, മധുഎഴുന്നള്ളിപ്പ്, വലിയകോലം

അമ്പലപ്പുഴ കണിയാൻ്റെ ആമയിടയിൽ ഉള്ള വീട്ടിൽ നിന്നും സന്ധ്യയോട് കൂടി പുറപ്പെട്ട "കാളിയും ദാരികനും" വാദ്യ മേളങ്ങളുടെയും, വായ് കുരവകളുടെയും, വായ്താരികളുടെയും, കുത്തു വിളക്കുകളുടെയും, താലപ്പൊലിയുടെയും അകമ്പടിയിൽ കിഴക്കേ നടയിൽ എത്തി വലിയ കോലം തുള്ളൽ നടത്തും. ദാരിക നിഗ്രഹത്തിന് ശേഷം ഭദ്രകാളി ദാരിക ശിരസ്സുമായി ശിവ സന്നിധിയിൽ എത്തുന്നതിൻ്റെ അനുസ്മരണം ആണ് ഈ ആയിരമണിക്കോലം എഴുന്നള്ളത്. ഭദ്രകാളി കടക്ഷാത്താൽ യഞ്ജവേദി സമ്പൂജ്യമാകുന്ന ഈ സമയം അമ്പനാട്ടു പണിക്കൻ പള്ളിപ്പാന കർമ്മങ്ങൾക്ക് ആവശ്യമായ മധുവുമായി തൻ്റെ കുടുംബത്തു നിന്നും വാദ്യമേളങ്ങളുടെയും അനുചരൻമ്മാരുടെയും ആർപ്പുവിളികളുടെയും അകമ്പടിയിൽ ഇറക്കൂടി കളത്തട്ടിനു സമീപമുള്ള ആലിൻ്റെ വടക്കു വശം കൂടി ക്ഷേത്രത്തിൽ പ്രവേശിക്കും. കൗള ആചാര പ്രകാരം നടക്കുന്ന പള്ളിപ്പാന ചടങ്ങുകളിൽ അത്യാവശ്യം വേണ്ട ഒന്നാണ് മധു. അമ്പനാട്ട് പണിക്കരുടെ ഇണങ്ങൾ ആയ പടിത്ര വീട്ടുകാർ 41 ദിവസത്തെ വ്രതം എടുത്ത് കാപ്പ് കെട്ടിയ കല്പവ ക്ഷത്തിൽ നിന്നും താമര ഇലയിലൂടെ സമാഹരിക്കുന്ന മധു ആണ് ആഘോഷമായി കൊണ്ടുവരുന്നത്.

യഞ്ജ വേദിയിൽ എത്തി ഒരു ഉരുളിയിൽ പട്ട് വിരിച്ച് അതിൽ പകരുന്ന മധു വേലൻമാർ എടുത്ത് കൊണ്ട് പോയി പരമശിവന് നിവേദിക്കും. അമ്പനാട്ടു പണിക്കൻ കാണിക്ക സമർപ്പിച്ചു പോയാൽ അമ്പലപ്പുഴ കണിയാൻ്റെ നേതൃത്വത്തിൽ ഉള്ള കാളിയും ദാരികനും ക്ഷേത്രത്തിൽ പ്രവേശിച്ചു പള്ളി പന്തലിനു മുൻപിൽ കുമ്പളങ്ങ വെട്ടി കുരുതി നടത്തി മടങ്ങും. തുടർന്ന് പത്താം നാളിൽ നടന്ന പോലെ കട്ടിൽ ബലി നടക്കും അടവിയുമായി വേലൻമാർ തുള്ളി ഉറഞ്ഞു കലി അടങ്ങിയാൽ വലിയ കൂമ്പ് ബലി നടക്കും. നേരത്തെ കുഴിച്ചിട്ട് കർമ്മങ്ങൾ ആരംഭിച്ച കൂമ്പുകൾക്ക് മുകളിൽ കയറി ശിവഭൂത ഗണങ്ങൾക്ക് നൂറും പാലും നൽകി ബലി നൽകി കോഴികളെ പറപ്പിച്ച് കർമ്മങ്ങൾ പൂർത്തിയാക്കി കൂമ്പിൽ നിന്നും വേലൻമാർ ഇറങ്ങി പള്ളിപന്തലിനു മുൻപിൽ എത്തി പ്രാർത്ഥന കഴിഞ്ഞാൽ കോയിമ്മവടി തിരികെ എഴുന്നള്ളിക്കും. തുടർന്ന് മുറോത്ത് നടക്കും.

വലിയ കൂമ്പ്ബലി, മധുഎഴുന്നള്ളിപ്പ്, വലിയകോലം
Day 15 Feb 22, 2026

കാപ്പ് അഴിക്കൽ

കാപ്പ് അഴിക്കൽ

സമാപന ദിവസമായ ഞായറാഴ്ച രാവിലെ ശ്രീബലിക്കു ശേഷം കോയിമ്മവടി എഴുന്നള്ളിച്ച് ഇരുത്തിയാൽ പതിവ് ഓത്ത് നടക്കും. തുടർന്ന് പാനപന്തലിനു മുൻപിൽ തെക്കു വടക്കായി ഒരു തൂശൻ ഇല ഇട്ട് പുറനാടിമാരിൽ ഒരാളെ കിടത്തി കോടി മുണ്ട് കൊണ്ട് മൂടും. അമ്പലപ്പുഴ വേലൻ വാഴയിലയിൽ കിടക്കുന്ന പുറനാടിയുടെ കഴുത്ത്, മാറ്, കാല് എന്നിവിടങ്ങളിൽ വെട്ടുന്നതായി കാണിച്ചശേഷം ഒരു കുമ്പളങ്ങയും കത്തിയും കൂടി മേൽശാന്തിയെ ഏൽപ്പിച്ച് കോയിമ്മവടിയിൽ ഉഴിഞ്ഞു വാങ്ങി വേലൻ കുമ്പളങ്ങ വെട്ടും. പിന്നീട് പുറനാടിക്ക് ക്ഷേത്രത്തിൽ പ്രവേശനം ഇല്ല. തുടർന്ന് പുറക്കളത്തിൽ ബലിക്കായി പുറനാടിയെ കൊണ്ടുപോയി കിഴക്കേ നടയിലെ ഇറക്കൂടി കളത്തട്ടിനു തെക്കു ഭാഗത്തുള്ള ദേവസ്വം വക ഭൂമിയിൽ പ്രത്യേകം തയ്യാറാക്കിയ കളത്തിൽ കിടത്തി പുറനാടിയെ ബലി കൊടുക്കുന്നു എന്ന സങ്കല്പത്തിൽ കുമ്പളങ്ങ വെട്ടി കുരുതി നടത്തും. പുറക്കളത്തിൽ ബലിക്കു ശേഷം വേലൻമാർ ശുദ്ധമായി തിരികെ വന്നാൽ രണ്ടാം ദിവസം പൂജകൾ ചെയ്ത് പടിഞ്ഞാറെ മുറിയിൽ വെച്ചിരുന്ന രക്ഷാകലശം മേൽശാന്തി എഴുന്നള്ളിച്ച് കൊണ്ടുവന്ന് കോയിമ്മ വടിയിൽ കെട്ടിയ കാപ്പുകൾ കെട്ടിയ മുറക്ക് അഴിച്ച് കലശകുടത്തിൽ നിക്ഷേപിക്കും. പിന്നീട് കലശകുടത്തിൽനിന്നും ഏതെങ്കിലും ഒരു വസ്തു എടുക്കും. ലഭിക്കുന്ന വസ്തുവിനെ അടിസ്ഥാനമാക്കി ആണ് പള്ളിപ്പാന യുടെ ഗുണഫലങ്ങൾ തീരുമാനിക്കുന്നത്.

ശേഷം ഭീഷ്മരൂപത്തിൻ്റെ തല, കഴുത്ത്, മാറ്, തുട, കാല് എന്നിവിടങ്ങളിൽ വേലന്മാർ വാളുകൊണ്ട് വെട്ടി രൂപവും പലകയും മാറ്റി മൂന്നാം നാൾ കുഴിയിൽ ഇട്ട കോഴിയെ പുറത്ത് എടുക്കും. ഭീഷ്മ രൂപവും മറ്റ് അലങ്കാരങ്ങളും കുഴിയിൽ ഇട്ട് കുഴി മൂടിയാൽ കോയിമ്മവടി തിരികെ എഴുന്നള്ളിച്ച് ക്ഷേത്രത്തിന് ഒരു വലം വെച്ച് അകത്തു കയറി കോയിമ്മവടി ശ്രീകോവിലിൽ കൊണ്ടുപോയി പൂജകൾ ചെയ്യുന്നത്തോട് കൂടി പള്ളിപ്പാന ചടങ്ങുകൾക്ക് തിരശീല വീഴും. തുടർന്ന് പള്ളിപ്പാന കർമ്മങ്ങളിൽ പങ്കെടുത്തവർക്ക് രാജപ്രതിനിധിയും, കോയിമ്മ സ്ഥാനിയും, ദേവസ്വം അധികാരികളും ദക്ഷിണ നൽകി ചടങ്ങ് അവസാനിപ്പിക്കും.

കാപ്പ് അഴിക്കൽ